തന്നിലുള്ള ഈശ്വര-ശക്തി, തന്നിൽ തന്നെ ലയിച്ചു, പുറത്തേയ്ക്കു വ്യാപിക്കാതെയിരിക്കുമ്പോൾ, നിഷ്കളനാകുന്നു. അതു നമ്മുടെ ഉറക്കത്തിലുള്ള സ്ഥിതി. അപ്പോഴും നമുക്കു ജീവനുണ്ടു. ജീവനു യാതൊരു കളങ്കവുമില്ലാതെ, നിർമ്മലമായ, ആത്മാവായിരിക്കുന്ന സ്ഥിതിയാണു. ആ സമയം ജീവൻ നിഷ്കലനായിരിക്കുന്നു. അപ്പോഴാണു "ജീവ:ശിവോഹം" എന്ന അവസ്ഥ. ആ അവസ്ഥ വിട്ടു പുറത്തേയ്ക്കു വ്യാപിച്ചു, മറ്റൊന്നായി പ്രതിബിംബിക്കുമ്പോൾ, അതു ജീവനും, ആ പ്രതിബിംബംവിട്ടു, അതായതു പുറത്തേയ്ക്കു വ്യാപിക്കാതെ, തന്നിൽ തന്നെ ലയിക്കുമ്പോൾ അതു ശിവനും ആയി. ഇതാണു "ജീവ:ശിവോഹം" എന്നു പറയുവാനുള്ള കാരണം. തന്നിൽ തന്നെയിരിക്കുന്ന ഈശ്വര ശക്തി, തന്നിൽ തന്നെ ഒതുങ്ങി നിർഗുണൻ, നിഷ്കളൻ, നിർവികാരി, ഇപ്രകാരം ഭവിച്ചു.
എപ്പോൾ ഉറക്കു ഞെട്ടി, തൻ്റെ ശക്തി, പുറത്തേയ്ക്കു വ്യാപിക്കുന്നുവോ അപ്പോൾ സകളനായി. ശകളം എന്നാൽ, കളങ്കത്തോടു കൂടിയവൻ. അപ്പോൾ വികാരിയും, സഗുണനും അയി. സഗുണൻ എന്നതു, മുൻവിവരിച്ച മൂന്നു ഗുണങ്ങളോടു കൂടിയവൻ. ആ മൂന്നു ഗുണങ്ങളുണ്ടാകുമ്പോൾ, സൃഷ്ടി, സ്ഥിതി, സംഹാരം ഉണ്ടായി. ഇതൊക്കെയും തന്നിൽനിന്നുണ്ടായതാണു. താനില്ലെങ്കിൽ ഈ വക യാതൊരവസ്ഥയുമില്ല. അപ്പോൾ താൻ തന്നെയാണു സകളനാകുന്നതും, നിഷ്കളനാകുന്നതും; വികാരിയാകുന്നതും, നിർവികാരിയാകുന്നതും. അതിനാൽ താൻ തന്നെയാണു ഈശ്വരൻ. താനായിരിക്കുന്ന ഈശ്വരചൈതന്യം തന്നിൽ തന്നെ ഒതുങ്ങി, ഉറങ്ങുന്ന അവസ്ഥയിൽ, ഈശ്വരചൈതന്യം ഒന്നു മാത്രം ഉള്ളതായും, ബാക്കിയെല്ലാം, ഇല്ലാത്തതാവുകയും ചെയ്തു !!
ഈശ്വരനായി, താനായി, ആദ്യന്തവിഹീനമായി, അക്ഷരമായി, ഇരിക്കുന്നതിൽ നിന്നു, ഒഴിവു എന്ന ആകാശം ഉണ്ടായി. ആ ആകാശത്തിൽ താൻ തന്നെ ശക്തിയായി ചലിക്കുകയും, അപ്പോൾ അതിൽ നിന്നു എല്ലാ അവസ്ഥകളും ഉദഭവിക്കുകയും, ചെയ്തു. എപ്പോൾ താൻ ഒഴിവായിരിക്കുന്ന ആകാശമായി, ശക്തിയായി, ചലിക്കുവാൻ തുടങ്ങിയോ, അപ്പോൾ മുതൽ അതു രണ്ടായി. അതിനാണു *ബ്രഹ്മം* എന്നും, *മായ* എന്നും പറയുന്നതു.
ഈശ്വരനായി, താനായി, ആദ്യന്തവിഹീനമായി, അക്ഷരമായി, ഇരിക്കുന്ന വസ്തു, എപ്പോൾ ആകാശമായി ഭവിക്കുന്നുവോ, അപ്പോൾ, ഉപരിയെന്നും, കീഴെന്നും, രണ്ടവസ്ഥകളുണ്ടായി. ഉപരിയായ വസ്തു *ബ്രഹ്മാവും*, കീഴായ വസ്തു *മായയും* ആണു.
മായയിൽനിന്നാണു എലാം ഉദ്ഭവിച്ചതു. നാം, എന്തൊന്നു കേള്കുന്നുവോ, കാണുന്നുവോ, അറിയുന്നുവോ, അതെലാം, മായയാണു. മായയില്ലെങ്കിൽ, യാതൊരു വസ്തുവുമില്ല. മായയില്ലെങ്കിൽ ബ്രഹ്മമെന്ന ഒരവസ്ഥയുമില്ല. അതെന്തുകൊണ്ടെന്നാൽ, ബ്രഹ്‌മമായി,, താനായിരിക്കുന്ന വസ്തുവിനാണു, ചലനം തട്ടിയതു. ആ ചലനത്തിനാണു, മായ എന്നു, പറയുന്നതു. മായയായിരിക്കുന്ന തൻ്റെ ശക്തി, എപ്പോൾ തന്നിൽ ലയിക്കുന്നുവോ, അപ്പോൾ യാതൊന്നുമില്ല. ബ്രഹ്മമെന്നൊരവസ്ഥയുമില്ല. തനിക്കു ചലനം തട്ടിയപ്പോഴാണു, ബ്രഹ്മം എന്നൊരവസ്ഥയുമുണ്ടായതു. ആ ചലനം ബ്രഹ്മമാണു.
എപ്പോൾ, ബ്രഹ്മമായ ചലനം തന്നിൽ ഒതുങ്ങുന്നുവോ, അപ്പോൾ ആദ്യന്തവിഹീനമായി, ശബ്ദാതീതമായി, അഗോചരമായി, ശൂന്യപദവിയായ *ആനന്ദം* ഉണ്ടാകുന്നു. ആ അവസരത്തിൽ ബ്രഹ്മമെന്ന അവസ്ഥയുമില്ല.
മായ എന്നു വെച്ചാൽ, യാതൊന്നു ഇല്ലാത്തതോ അതുതന്നെയാണു. എന്നാൽ ലോകത്തിൽ പറഞ്ഞുവരുന്നതു, ഈ കാണുന്ന ചരാചരങ്ങൾക്കാണു മായ എന്നു. അതു തെറ്റാണു ! ഈ കാണുന്ന ചരാചരങ്ങളല്ല മായ.
മായ എന്നതു , നാം കേള്ക്കുന്നതിനും, കാണുന്നതിനും, അറിയുന്നതിനുമെലാം അടിസ്ഥാനമെന്തോ അതു മായയാണു. അതായതു, യാതൊന്നു ഇല്ലാതാവുന്നുവോ, അതു മായയാണു. "യാതൊന്നു" എന്നതു, നിത്യമായിട്ടുള്ളതു. ആ നിത്യമായ വസ്തു അറിവാണു. അറിവു എന്നതു ജ്ഞാനമാണു. അതാണു ബോധം. ആ ബോധമാണു വിദ്യ. ആ വിദ്യയാണു അക്ഷരം. ആ അക്ഷരമാണു താൻ.
അപ്പോൾ താനായും, അക്ഷരമായും, ബോധമായും, ജ്ഞാനമായും, അറിവായും, നിത്യമായും ഉള്ളതു, ഇല്ലാതെയാകുന്നതിനാണു, മായ എന്നു പേർ.
മായ എന്നതു, അനിത്യമായി, അറിവില്ലാതെയായി, അജ്ഞാനമായി, ബോധമില്ലാതെയായി, വിദ്യയില്ലാതെയായി, അക്ഷരമില്ലാതെയായി, താൻ ഇല്ലാതെയായിത്തീരുന്ന അവസ്ഥയാണു.
അറിവെന്നതു , നാം കേള്കുന്നതോ, കാണുന്നതോ, അറിയുന്നതോ അല്ല. എന്നാൽ ഈ കേള്കുന്നതിനും, കാണുന്നതിനും, അറിയുന്നതിനുമായ എല്ലാ അവസ്ഥകളും, താനായി, അറിവായിരിക്കുന്ന വസ്തു, തന്നില്നിന്നു വെളിയിൽ വ്യാപിക്കുമ്പോൾ, അതിൽ , പ്രതിബിംബമായും, പ്രതിധ്വനിയായും, കേൾക്കുകയും, കാണുകയും, അറിയുകയും ചെയ്യുന്നതാണു.
ഒരാൾ ചത്തപ്പോൾ ശവമായി. അതിൽ ജീവനില്ലാത്തതുകൊണ്ടു, ഇളക്കമോ, ചേഷ്ടയോ, വല്ലതും അറിയുവാനോ, കേൾക്കുവാനോ, കാണുവാനോ സാധിക്കയില്ല. ജീവനിലെന്നു എങ്ങിനെ തീർച്ചപ്പെടുത്തിയതെന്നുവെച്ചാൽ, ശ്വാസോഛ്വാസം ഇല്ലാത്തതുകൊണ്ടാണു.
ഒരാൾ ഉറങ്ങുന്ന സമയത്തു, ശ്വാസോഛ്വാസമുള്ളതുകൊണ്ടു ജീവനുണ്ടു. എന്നാൽ അയാൾക്കു ഇളക്കമോ, ചേഷ്ടയോ, വല്ലതും അറിയുവാനോ, കേൾക്കുവാനോ, കാണുവാനോ സാധിക്കയില്ല.
അതിനാൽ, ജീവൻറെ ശക്തിയായിരിക്കുന്ന വായു, നമ്മിലുള്ളപ്പോൾ മാത്രമേ നമുക്കു അറിവുള്ളു ! നമ്മിലുള്ള ജീവശക്തിയായിരിക്കുന്ന വായു, തീരെ ഇല്ലാതെയായാൽ നമുക്കു യാതൊരറിവുമില്ല. അതേതുപ്രകാരമെന്നാൽ, ഒരാൾ ചത്തുപോകുന്ന സമയത്തിൽ, ഊർധ്വൻ വലിച്ചു, ഭ്രുമദ്ധ്യത്തിനു താഴെയായി, അല്പം ജീവൻ മാത്രം ഉള്ളപ്പോൾ, കണ്ണു കൊണ്ടും, മുഖം കൊണ്ടും, ഗോഷ്ടികാണിക്കുന്നു.
ബാക്കി യാതൊരവയവങ്ങളും ഇളക്കികൂടാ. ആ ജീവശക്തിയായ വായു, പുറത്തു പോയാൽ, ആ ശവം, യാതൊരു ഗോഷ്ടിയോ, ഇല്ലക്കാമോ കൂടാതെ, ഒരു മറക്കഷ്ണത്തിനു, തുല്യമായി, അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിയാൽ ഉരുളുകയും, തീയിൽവെച്ചാൽ, കത്തിപ്പോവുകയും, ചെയ്യുന്നു. അപ്പോൾ, അതിനു, യാതൊരു അറിവുമില്ല. കാരണം, ജീവശക്തിയായ വായു ഇല്ലാത്തതുകൊണ്ടാണു.
നിങ്ങൾ അഞ്ചാറു ദിവസം മുമ്പു ഒരു കാര്യം ആലോചിച്ചുവെച്ചിരുന്നു. ആ കാര്യം നിങ്ങളോടു ഓർമ്മവിറ്റുപോയിരിക്കുന്നു. അതിനെപ്പറ്റി വീണ്ടും ഓര്മവരേണമെങ്കിൽ നിങ്ങൾ അതിനെപ്പറ്റി ആലോചിക്കണം. അതിനെപ്പറ്റി നിങ്ങൾ ആലോചിക്കുന്ന സമയത്തു നിങ്ങളുടെ ശ്വാസ-ഗതി, പുറത്തേയ്ക്കു പോകാതെ, നിങ്ങളിൽത്തന്നെ ഒതുങ്ങി.
അപ്പ്രകരം കഠിനമായി, ഗാഡമായി, ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്തു, നിങ്ങളുടെ മുന്നിൽകൂടി ഒരാൾ പോകുന്നതായാൽ, നിങ്ങൾ അയാളെ കാണുവാനോ, അറിയുവാനോ സാധിക്കയില്ല. അതെന്തുകൊണ്ടെന്നുവെച്ചാൽ, നിങ്ങളുടെ ആ സമയത്തുള്ള ആലോചന, പുറമെ വ്യാപിക്കാതെ, നിങ്ങളിൽ തന്നെ അടങ്ങിയതുകൊണ്ടാണു.
എന്നാൽ നിങ്ങളും മറ്റൊരാളും കൂടി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. ആ സമയം നിങ്ങളുടെ മുന്നിൽ കൂടി ഒരാൾ പോയാൽ നിങ്ങൾ അയാളെ കാണുകയും, അറിയുകയും ചെയ്യുന്നുണ്ട്. അതിനു കാരണം, നിങ്ങളുടെ ആ സമയത്തുള്ള ആലോചന, പുറമെ വ്യാപിച്ചതായിരുന്നു.
എന്നാൽ നിങ്ങളുടെ ആലോചന സമയത്തു, നിങ്ങളുടെ ശ്വാസ-ഗതി നിങ്ങളിൽ തന്നെ അടങ്ങുന്നു, എന്നും പുറത്തേയ്ക്കു പോകുന്നില്ല എന്നും നിങ്ങൾ ഇപ്പോൾ മനസിലാക്കിട്ടുണ്ട്. ആ ഗതി എന്ന് പറഞ്ഞതു, ജീവശക്തിയാണു. ആ ജീവശക്തി പുറത്തേയ്ക്കു വരുന്നതിനു "വായു" എന്നു പേർ. വായു എന്നതു ചലിക്കുന്നതു എന്നാണു. ആ ചലനത്തിൽനിന്നാണു വിചാരം ഉണ്ടായതു. വിചാരത്തിൻറെ കർത്താവു മനസ്സാണു. ആ ചലനമായിരിക്കുന്ന വസ്തു നിങ്ങളിൽ ഒതുങ്ങി. അപ്പോൾ നിങ്ങളുടെ മനസും നിങ്ങളിൽ ഒതുങ്ങി. അതുകൊണ്ടാണു നിങ്ങള്ക്ക് മറ്റൊന്നിനെ കാണ്മാനും അറിയുവാനും സാധിക്കാതെ വന്നതു. അപ്പോൾ തന്നില്നിന്നു പുറത്തേയ്ക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന ശക്തിക്കാണു "വായു" എന്നു പറയുന്നതു.
അതു തന്നില്നിന്നു പുറത്തേയ്ക്കു പോകാതെ തന്നുള്ളിൽ കൂടി ഗതാഗതം ചെയ്തു ബ്രഹ്മരന്ദ്രത്തോടു, മുട്ടികൊണ്ടിരിക്കുന്ന സ്ഥിതിക്കാണു "സമീരണൻ" എന്നു പേർ. "സമീരണൻ" എന്നാൽ ബ്രഹ്മരന്ദ്രത്തോടു , ഈണം ചെയ്യുന്നതു : അതായതു മുട്ടികൊണ്ടിരിക്കുന്നതു. ബ്രഹ്മം എന്നുവെച്ചാൽ നിത്യമായിരിക്കുന്ന വസ്തു. ആ വസ്തുവൊടുത്തോട്ടു വേറിടാതെ മുട്ടികൊണ്ടിരിക്കുന്ന ഗതി - "ഈരണം".
ഇപ്പ്രകാരമുള്ള ഗതി, അതായത് തന്റെ ഉള്ളിൽ കൂടി മേൽകീഴ് നടന്നു, പുറമെ വിട്ടുപോകാതെ ബ്രഹ്മരന്ദ്രത്തോടു മുട്ടിക്കൊണ്ടിരിക്കുന്നതിനു സമീരണൻ എന്നും, അപ്പ്രകാരമല്ലാതെ പുറത്തേയ്ക്കു ചലിക്കുന്ന ജാതിക്കു "വായു" എന്നും പേർ. അതിനാൽ എപ്പോൾ തൻ്റെ ജീവശക്തി തന്നിൽ ലയിക്കുന്നുവോ, ആ സമയം മറ്റൊന്നിനെയും അറിയുന്നില്ലായെന്നു നമുക്കു ദൃഷ്ടാന്തമാവുകയും, തൻ്റെ ചലനത്തിൽനിന്നാണു, തനിക്കു എല്ലാ അവസ്ഥകളും ഉണ്ടാകുന്നതെന്നു, വെളിവാകുകയും ചെയ്യുന്നു. കൂടാതെ തൻ്റെ ചലനം തന്നിൽ ഒതുങ്ങി, ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണു, നമുക്കു, ഉണർവുണ്ടായതു. അതായതു, ആലോചിക്കുന്ന കാര്യം ഓര്മവന്നതു. അപ്പോൾ ഉണർവാകുന്ന ഓര്മ എവിടെനിന്നാണു ഉണ്ടാകുന്നതെന്നു വെച്ചാൽ, പ്രകാശത്തിൽനിന്നാണു. പ്രകാശം അഗ്നിയിൽ നിന്നാണുണ്ടാകുന്നതു. അഗ്നിയുണ്ടാകുന്നതു വായുവിൽ നിന്നാണു. അപ്പോൾ വായുവായി, അഗ്നിയായി, പ്രകാശമായി, അറിവായിരിക്കുന്ന ജീവശക്തി തന്നിൽ തന്നെ ഒതുങ്ങിയപ്പോഴാണു നമുക്കു ഉണർവുണ്ടാകുന്നതു.
അറിവായി ജീവശക്തിയായിരിക്കുന്ന വസ്തു, ചലിച്ചു വായുവായി, നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേയ്ക്കു പോയികൊണ്ടിരിക്കുന്നതിനാണു മായ എന്നു പറയുന്നതു. ഇതാണു യാതൊന്നില്ലാത്തതാകുന്നുവോ അതു മായ എന്നു പറയുവാൻ കാരണം. "യാതൊന്നു" എന്നാൽ അറിവു. അറിവു, വായുരൂപമായി വെളിയിൽ പോയി നശിച്ചുകൊണ്ടിരിക്കുന്നതിനു മായ് എന്നു പേർ. ഇതാണു തൻ്റെ മായായെന്നും, തന്നിൽനിന്നുദബവിഹുവെന്നും പറയുവാൻ കാരണം. മായയുടെ ഉദ്ധഭവം, തന്നില്നിന്നുതന്നെയാണു. മായയുടെ ഉദ്‌ഭവത്തിന്റെ ശേഷമാണു മനസ്സിന്റെ ഉദ്‌ഭവം. ആ മനസാണ് ഗുരു.
------------------------------